2013 മാർച്ച് 5 . ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റുമെന്ന് തോന്നുന്നില്ല . അന്നാണ് ഞാൻ ആദ്യമായി പുണ്യ റസൂലിന്റെ (സ്വ ) ചാരത്തേക്ക് പുറപ്പെട്ടത് . ജിദ്ദയിലെത്തിയിട്ട് ഒരു ദിവസമേ ആയിട്ടുള്ളൂ . രാത്രി 10 മണിയോടെ ഞങ്ങൾ പതിനെട്ടോളം ആളുകളെയും വഹിച്ച് ബസ് മദീന ലക്ഷ്യമാക്കി നീങ്ങി . സ്വലാതും ചൊല്ലി പുറത്തെ അത്ഭുത കാഴ്ചകളിലേക്ക് കണ്ണും നട്ടിരുന്ന് അറിയാതെ എപ്പോഴോ ഉറക്കിലേക്ക് വീണു . ഇടക്ക് വഴിയിൽ എവിടെയോ വണ്ടി നിർത്തി അത്യാവശ്യ കാര്യങ്ങൾ നിർവഹിച് വീണ്ടും പുറപ്പെട്ടു. ഇപ്പോൾ വഴിയിലുടനീളം വിലക്ക് കാലുകൾ മാത്രം കാണാം . ഉറക്ക് ശരിക്ക് പിടിച്ചു വരുമ്പോഴുണ്ട് ആരോ തട്ടി വിളിക്കുന്നു . പിടഞ്ഞെനീറ്റ് നോക്കുമ്പോൾ ഉസ്താദിന്റെ വിശദീകരണം കേട്ടു .ഈ കാണുന്നതാണ് മസ്ജിദുൽ ഖുബാ . പുന്നാര റസൂലിന്റെ(സ്വ) ഒട്ടകം മുട്ട് കുത്തിയ സ്ഥലം . ഇവിടുന്നു നിസ്കരിക്കുന്ന രണ്ടു റക്അത് സുന്നത് നിസ്കാരത്തിനു രണ്ട് ഉംറയുടെ പ്രതിഫലമാണ് പോലും. ഓടിപ്പോയി സുന്നത് നിസ്കരിച്ച് ഒരു കുഞ്ഞു പ്രാർത്ഥനയ്ക്ക് ശേഷം വീണ്ടും പുറപ്പെട്ടു . ഇനി യെത്താനുള്ളത് ഉഹ്ദിലേക്കാന് . സംഭവ ബഹുലമായ അദ്ധ്യായങ്ങൾ അഞ്ചാം ക്ലാസ്സിലെ തരീഖിൽ നിന്നും ഓർത്തെടുത് ഉസ്താദ് തകർക്കുമ്പോയെക്കും സ്ഥലമെത്തി . ബസ്സിൽ നിന്നിറങ്ങി നേരെ വലിയ ചുറ്റു മതിൽ കെട്ടി തിരിച്ച രണാങ്കണം ലക്ഷ്യമാക്കി നടന്നു .മതിലിന്റെ ചെറിയ ഒരു ദ്വാരത്തിലൂടെ നോക്കിയാൽ ഉള്ളിൽ ഹംസ (റ )വിന്റെ അടക്കം മൂന്നു ഖബറുകൾ കാണാം . അവിടുന്ന് ഫാത്തിഹ ഓതി ദുഅ ചെയ്തു പോരാൻ നേരം അംബൈതുകാർ നിലയുരപ്പിച്ചിരുന്ന മല കാണിച്ചു തന്നു . ഇപ്പൊ അതിന് ഒരു മതിലിന്റെ ഉയരമേ ഉള്ളൂ. ഹംസ(റ)വിന്റെ മരണ വാർത്ത അറിഞ്ഞ് പുന്നാര നബി (സ്വ) വിഷമിച്ചിരുന്ന സ്ഥലത്തേക്ക് ഉസ്താത് വിരൽ ചൂണ്ടി .
ഇനി ലക്ഷ്യം പുന്നാര പൂമാന്റെ പൂന്തോപാണ് . സമയം സുബഹി ആകാറായി . മദീനയിലെത്തി ബാഗ് റൂമിൽ വച്ച് നിവരുമ്പോയുണ്ട് സുബഹി ബാങ്ക് ." അസ്സലാത്തു ഖൈരുൻ മിനന്നൌം " . പിന്നെ ഒരു ഓട്ടമായിരുന്നു . ലോകത്തെ ഏറ്റവും പുന്ന്യമാക്കപ്പെട്ട പള്ളികളിലൊന്നിൽ വെച്ച് ഏറ്റം പുണ്യമുള്ള നമസ്കാരങ്ങളിൽ ഒന്ന് . നിസ്കാരം കഴിഞ്ഞ് ഒരു യസീനോതി സങ്കടങ്ങൾ ഓരോന്ന് എണ്ണി പറഞ്ഞു ദുആ ചെയ്ത് റൂമിലെത്തി ബാക്കിയുള്ള ഉറക്കമങ്ങു കടം വീട്ടി . പിന്നെ തല പൊങ്ങുമ്പോ സമയം ഒൻപത് മണി . ഉപ്പുവെള്ളത്തിൽ ചെറുതായി ഒരു കുളി പാസാക്കി തിരു സവിധത്തിൽ എത്തുമ്പോ അവിടെ തിരക്ക് തുടങ്ങുന്നേ ഉള്ളൂ . ജീവിതത്തിൽ ആദ്യമായി ആ പച്ച ഖുബ്ബ കണ്ടപ്പോൾ ഈമാനുള്ള ഏതൊരു മുസല്മാനെയും പോലെ ഖൽബൊന്നു പിടച്ചു . കണ്‍ കുളിർക്കെ കണ്ട് ഉള്ളിൽ കയറി നോക്കിയപ്പോ അതാ പുന്നാര പൂമന്റെ ഖബര് ഷരീഫ് . കൂടെ രണ്ട് അനുജരരും . അബൂബക്ർ (റ ) , ഉമർ (റ) . മി'അറാബിന്റെയും ഖബറിന്റെയും ഇടയിൽ പുണ്ണ്യമാക്കപ്പെട്ട സ്ഥലത്ത് നിന്നും (മാ ബൈന ഖബരീ വ മിമ്പരീ........) രണ്ടു രകഅത് സുന്നത്ത് നിസ്കരിക്കാൻ ഒരല്പം ഉന്തും തള്ളും വേണ്ടി വന്നു . സമയം പത്തെ ആയിട്ടുള്ളൂ ..ശേഷം തിരു ഹള്രതിലെക്ക് നോക്കി ബുർദയുടെ വരികളിലൂടെ ഒരു പാട് കരഞ്ഞു മനസ്സിൽ
( കുറ്റമെന്ന വാഹനമിൽ അറ്റമില്ലാ കേറി ഞാൻ ...... തങ്ങളോടന്യായം യാ സയ്യിദീ ഖൈറന്നബീ )
ളുഹർ നിസ്കാരം കഴിഞ്ഞു തിരക്കിട്ട് പുറത്തിറങ്ങിയപ്പോ ൾ പള്ളി മുറ്റത്ത് ഖൽബ് നിറയുന്നൊരു കാഴ്ച കണ്ടു . വയസ്സായ ഒരു ഉപ്പയും ഉമ്മയും കൂടെ മകനും മരുമോളും (ആണെന്ന് തോന്നുന്നു) . ഉമ്മാന്റെ വായിലേക്ക് ഭക്ഷണം വച്ച് കൊടുക്കുകയാണ് മോൻ . കുറച്ച നേരം അവരെ നോക്കി നിന്നു . ഭക്ഷണം കഴിഞ്ഞു ടിഷ്യു കൊണ്ട് മുഖം തുടച്ച് കൊടുത്ത് നേരെ ഉപ്പാന്റെ അടുത്തേക്ക് . പുറം ലോകത്ത് നടക്കുന്നതൊന്നും അറിയുന്നേ ഇല്ലെന്നു തോന്നും അവരുടെ ചിരിയും കളിയും സന്തോഷവും ഒക്കെ കണ്ടാൽ . ഉമ്മാന്റെ കാലടിക്ക് താഴെ ആണെന്ന് പറഞ്ഞ ആ പ്രവാചകരുടെ ചാരെ തന്നെ അത് അന്ന്വർത്ഥമാക്കുന്ന ഒരു കുടുംബം . മഗരിബിനും ഇഷക്കും ശേഷം ഇനി മടക്കമാണ് . ഒരു നൂറു തവണ സലാം പറഞ്ഞു പോരാനായുമ്പോൾ മനസ്സിനെന്തോ ഒരു ഇളക്കം . പ്രാണേശ്വരനെ പിരിയാൻ നേരം പ്രണയിനിക്ക് അനുഭവപ്പെടുന്ന നൊമ്പരം , ഒരു പിൻ വലി . അവസാനം കാല് പറിച്ചെടുത്ത് ജന്നത്തുൽ ബഖീഇൽ പോയി വിട പറഞ്ഞു മനസില്ല മനസോടെ ബസിൽ കയറി . അപ്പോഴും മനസിന്റെ തേങ്ങൽ നിന്നിട്ടില്ല . ഇനി എന്നാണാവോ ജീവിതത്തിൽ ഈ ഭാഗ്യം തിരികെ വരിക
പിൻ കുറിപ്പ് : - ഖസീദതുൽ ബുർദ എഴുതുമ്പോ ബൂസൂരി (റ) തങ്ങള്ക്ക് കുറെ മുരാത്‌കൾ ഉണ്ടായിരുന്നെന്നും ബുർദയുടെ ബര്കത് കൊണ്ട് അവിടുന്ന് അതെല്ലാം സാധിച്ചു കൊടുത്തിട്ടുണ്ടെന്നും എവിടെയോ വായിച്ഛതായി ഓർക്കുന്നു . അങ്ങയുടെ അടുക്കലല്ലാതെ ഈ പാവം എവിടെ പോയി ആവലാതി പറയാൻ ?? എന്റെ മനസ്സിലും ഉണ്ട് കൊച്ചു കൊച്ചു മോഹങ്ങൾ .. അറിവുകേട് പൊറുത്ത് എന്റെ ആഗ്രഹങ്ങൾ സാധിപ്പിക്കണേ എന്റെ കരളേ (സ്വല്ലല്ലാഹു അലൈക യാ സയ്യിദീ യാ രസൂലല്ലാ ) ...
No comments:
Post a Comment