My Blog List

Thursday, 8 August 2013

പെരുന്നാൾ ഓർമകൾ

അങ്ങനെ ആറ്റുനോറ്റ് കാത്തിരുന്ന പെരുന്നാൾ വന്നെത്തി . പ്രവാസിയായ ശേഷമുള്ള ആദ്യ പെരുന്നാളാണിത് . സൗദിയിലെ ചൂടിൽ ആഘോഷങ്ങളൊക്കെ കരിഞ്ഞുണങ്ങുമോ ആവോ

വെറുതെയിരിക്കുമ്പോൾ ഞാൻ ആലോചിക്കുകയായിരുന്നു .കഴിഞ്ഞു പോയ ഒരുപാട് നല്ല പെരുന്നാലുകളെ കുറിച്ചു 
പെരുന്നാൾ ഓർമകളിൽ ആദ്യമെത്തുന്നത് കുഞ്ഞുന്നാളിലേ മൂക്കിൻ തുമ്പത്ത് മായാതെ കിടക്കുന്ന പുത്തനുടുപിന്റെ മണമാണ് . ഉപ്പ നാട്ടിലില്ലാത്തതു കൊണ്ട് അമ്മാവന്റെ  കയ്യിൽ തൂങ്ങിയാവും ഞങ്ങൾ തുണിക്കടയിൽ ചെല്ലുക . എന്നിട്ട് ആദ്യം കണ്ട തുണി തന്നെ ഒരു അഞ്ചു മീറ്റർ അങ്ങ് അളന്ന് വാങ്ങും . അത് കൊണ്ട് ജേഷ്ടന് ഒരു ഫുൾ കൈ ഷർട്ട് . എനിക്കും അനിയനും ഓരോ ഹാഫ് കൈ ഷർട്ട് . അതോടെ തീരും വർഷത്തെ പെരുന്നാൾ ഷോപ്പിംഗ്‌ .  .

പെരുന്നാൾ ദിവസം രാവിലെ മിക്കവാറും തുടങ്ങുന്നത് സക്കാത്തിന്റെ അരി കണി കണ്ടായിരിക്കും . ഉമ്മ അളന്നെടുത്ത അരി കവറുകളിലാക്കി അയൽ വീടുകളിൽ എത്തിക്കേണ്ട ചുമതല എന്റെയും ജെഷ്ടന്റെതുമാണ് .  

അത് കഴിഞ്ഞാൽ ഉമ്മ മേലാസകലം എണ്ണ എണ്ണ തേച്ചു തരും . പിന്നെ അര മണിക്കൂറോളം നൂൽ ബന്ധമില്ലാതെ എണ്ണക്കുട്ടന്മാരായി നിൽക്കണം  .തലയിൽ തേച്ച എണ്ണ നെറ്റിയിലേക്ക് ഒലിച്ചിറങ്ങുമ്പോൾ ഉണ്ടാകുന്ന അസ്വസ്ഥത   പറഞ്ഞറിയിക്കാനാവില്ല .ശേഷം എല്ലാത്തിനെയും നിരത്തി നിർത്തി ഉമ്മ തേച്ച് ഉരച്ചു കുളിപ്പിച്ച് തരും .

പുത്തനുടുപ്പിട്ട് വല്യുപ്പാന്റെ കയ്യും പിടിച്ച് പള്ളിയിൽ പോകുന്നതും മൈക്കിൽ ഉറക്കെ തക്ബീർ ചൊല്ലുന്നതും തിരിച്ച് വന്ന് കോലായിൽ പലകയിട്ടിരുന്നു ഭക്ഷണം കഴിക്കാനിരിക്കുന്നതുമേല്ല്ലാം ഇന്നും മനസ്സിൽ മായാതെ കിടപ്പുണ്ട് . അന്നൊക്കെ തേങ്ങാ ചോറും ഇറച്ചി വരട്ടിയതും പരിപ്പ് കറിയുമായിരുന്നു പ്രധാന പെരുന്നാൾ വിഭവങ്ങൾ . കൂട്ടത്തിൽ പപ്പടവും കൂടി ഉണ്ടായാൽ ഭേഷായി .  

ഭക്ഷണ ശേഷം വയറ്റിന്റെ മൂലയിൽ ബാക്കി വെച്ച ഇത്തിരി സ്ഥലം അയൽ വീടുകളിലെ പായസങ്ങളുടെ രുചി നോക്കാനുള്ളതാണ് . എല്ലാം കഴിഞ്ഞ്  " എന്ത് പറഞ്ഞാലും മൂത്താപ്പാന്റെ പോരേലെ പായസം ആണ് പായസം ല്ലേ  "എന്ന തരത്തിൽ ജെഷ്ട്ടനുമായി ഒരു പെരുന്നാൾ അവലോകനം കൂടി നടത്തി ചാപ്റ്റർ ക്ലോസ് ചെയ്യും .വൈകുന്നേരം ഉമ്മാന്റെ വീട്ടിലേക്കുള്ള വിരുന്നോടെയാവും മിക്കവാറും എല്ലാ പെരുന്നാൾ ആഘോഷങ്ങളൊക്കെ അവസാനിക്കുന്നത് .

ഇക്കൊല്ലത്തെ പെരുന്നാൾ എങ്ങനെയാവുമെന്നു കണ്ടറിയണം . കാര്യമായി എന്തെങ്കിലും ഉണ്ടായാൽ വഴിയെ അറിയിക്കാം . എല്ലാവർക്കും പെരുന്നാൾ ആശംസകൾ 


Sunday, 7 July 2013

നോമ്പ് ഓർമകളിലൂടെ ...

നോമ്പിങ്ങ് അടുത്തെത്തി . കഴിഞ്ഞ പതിനൊന്ന് മാസം ചെയ്ത തെറ്റുകൾക്ക് പ്രായശ്ചിത്തം ചെയ്യാൻ ദൈവം തന്ന അസുലബ അവസരമാണിതെന്നാണ് വിശ്വാസം . പക്ഷെ സത്യം പറഞ്ഞാൽ "കാരക്ക കുരുവാക്കാനും വത്തക്ക തോടാക്കാനും" വേണ്ടി മാത്രം നോമ്പ് നൊൽക്കുന്ന കൂട്ടത്തിലാണ് ഞാൻ .

ചെറുപ്പത്തിൽ ഒരു ദിവസം നാലഞ്ചു നോമ്പോക്കെ എടുക്കുമായിരുന്നു . രാവിലെ ഒന്ന് , ഉച്ചക്ക് രണ്ട് വൈകീട്ട് ഒന്ന് എന്ന ക്രമത്തിൽഇപ്പൊ വയ്യാണ്ടായി . ദിവസം ഒന്നിൽ കൂടുതൽ പറ്റുന്നില്ല . പ്രായം കൂടിക്കൂടി വരികയല്ലേ

അക്കാലത്ത് നോമ്പിന്റെ പ്രധാന ആകർഷണം അയൽവക്കങ്ങളിലെ നോമ്പ് തുറകളായിരുന്നു . ദുനിയാവിലെ ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണമായ പൊറാട്ട കിട്ടണമെങ്കിൽ നോമ്പ്തുറക്ക് പോകണംപക്ഷെ നാട്ടിലെ പ്രധാന സ്ക്രാപ്പുകൾക്കുള്ള തുറകളിൽ കുഞ്ഞു സ്ക്രാപ്പുകളായ എന്റെ സമപ്രായക്കാർക്കു സാദാരണ ക്ഷണമുണ്ടാവാറില്ല . മേൽപറഞ്ഞ  നോമ്പിന്റെ എണ്ണക്കൂടുതൽ തന്നെ കാരണം . " ബാപ്പയില്ലാത്തപ്പോ സൂപ്പി മൂപ്പൻ " എന്ന നിയമമനുസരിച്ചു ജെഷ്ട്ടന് പലപ്പോഴും ക്ഷണം കിട്ടുമെങ്കിലും നമ്മളെ കാര്യം കട്ടപ്പൊക

ആയിടക്കാണ് എന്റെ മനസ്സിലെ ആഗ്രഹം പടച്ചോൻ കേട്ടത് . നോമ്പ് സൽക്കാരത്തിനു ക്ഷണിക്കാൻ വന്നഅയലോക്കത്തെ ഹാജിയാർ അവസാനം പറഞ്ഞ വാക്ക് കേട്ട് ഞാൻ ധ്രതങ്ക പുളകിതനായി .  " കാക്കാന്റെ കൂടെ ഇജ്ജും ബെന്നോണ്ടി ".ഞമ്മക്ക് പെരുത്ത് സന്തോസം . അതോടെ ഞമ്മളെ കൽബിലെ മാണിക്കക്കൊട്ടാരത്തിന്റെ ഏറ്റവും മുകളിലെ നിലയിലായി ഹാജിയാരെ സ്ഥാനം .

അങ്ങനെ ആറ്റുനോറ്റ ദിനം വന്നെത്തി . നേരത്തെ തന്നെ സെന്റും പൂശി ഹാജിയാരെ വീട്ടിലേക്ക് വിട്ടു . ആളുകൾ എത്തി തുടങ്ങുന്നേ ഉള്ളൂ . നേരെ പോയി ഒരു ടേബിളിൽ സ്ഥലം പിടിച്ചു പള്ളിയിൽ നിന്ന് "സുബ്ഹാനല്ല സ്റ്റാർട്ടാക്കുന്നതും " കാത്തിരുന്നു . ബാങ്ക് കൊടുക്കാനായപ്പോഴേക്കും ടാബിളൊക്കെ കുഞ്ഞു സ്ക്രാപ്പുകളെ കൊണ്ട് നിറഞ്ഞിരിക്കുന്നു . വലിയവർക്ക് ഇരിക്കാൻ സ്ഥലമില്ല 

" കുട്ടിയെളൊക്കെ നീച്ചി . ഇങ്ങക്ക് അടുത്തെനിരിക്ക. " ഹാജിയാരുടെ പ്രഖ്യാപനം വന്നതോടെ നമ്മളൊക്കെ ഔട്ട്‌ . പ്രതീക്ഷിച്ചത് പോലെ പൊറാട്ടയുടെ ഒരു ചീന്ത്പോലും കശ്മലന്മാർ രണ്ടാമത്തെ ട്രിപ്പിന് ബാക്കി വച്ചില്ല . അവസാനം  വീട്ടിൽ നിന്നും സ്ഥിരമായി കഴിക്കുന്ന പത്തിരിയും കറിയും കഴിച്ചു തിരിച്ചു പോരുമ്പോൾ ഞമ്മളെ കുഞ്ഞ് മനസ്സ് തേങ്ങി . " ന്നാലും ന്റെ ആജിയാരെ . ഞമ്മളോട് ഇത് മാണ്ടില്ല്യെയിനി " . 

സംഭവത്തോടെ ഹാജ്യാരെ പിടിച്ച് മാണിക്ക കൊട്ടാരത്തിന്റെ പടിക്ക് പൊറത്തിട്ടു !!!"