നോമ്പിങ്ങ് അടുത്തെത്തി . കഴിഞ്ഞ പതിനൊന്ന് മാസം ചെയ്ത തെറ്റുകൾക്ക് പ്രായശ്ചിത്തം ചെയ്യാൻ ദൈവം തന്ന അസുലബ അവസരമാണിതെന്നാണ് വിശ്വാസം . പക്ഷെ സത്യം പറഞ്ഞാൽ "കാരക്ക കുരുവാക്കാനും വത്തക്ക തോടാക്കാനും" വേണ്ടി മാത്രം നോമ്പ് നൊൽക്കുന്ന കൂട്ടത്തിലാണ് ഞാൻ .
ചെറുപ്പത്തിൽ ഒരു ദിവസം നാലഞ്ചു നോമ്പോക്കെ എടുക്കുമായിരുന്നു . രാവിലെ ഒന്ന് , ഉച്ചക്ക് രണ്ട് വൈകീട്ട് ഒന്ന് എന്ന ക്രമത്തിൽ . ഇപ്പൊ വയ്യാണ്ടായി . ദിവസം ഒന്നിൽ കൂടുതൽ പറ്റുന്നില്ല .
പ്രായം കൂടിക്കൂടി വരികയല്ലേ .
അക്കാലത്ത് നോമ്പിന്റെ പ്രധാന ആകർഷണം അയൽവക്കങ്ങളിലെ നോമ്പ് തുറകളായിരുന്നു . ദുനിയാവിലെ ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണമായ പൊറാട്ട കിട്ടണമെങ്കിൽ നോമ്പ്തുറക്ക് പോകണം . പക്ഷെ നാട്ടിലെ പ്രധാന സ്ക്രാപ്പുകൾക്കുള്ള തുറകളിൽ കുഞ്ഞു സ്ക്രാപ്പുകളായ എന്റെ സമപ്രായക്കാർക്കു സാദാരണ ക്ഷണമുണ്ടാവാറില്ല . മേൽപറഞ്ഞ നോമ്പിന്റെ എണ്ണക്കൂടുതൽ തന്നെ കാരണം . " ബാപ്പയില്ലാത്തപ്പോ സൂപ്പി മൂപ്പൻ " എന്ന നിയമമനുസരിച്ചു ജെഷ്ട്ടന് പലപ്പോഴും ക്ഷണം കിട്ടുമെങ്കിലും നമ്മളെ കാര്യം കട്ടപ്പൊക .
ആയിടക്കാണ് എന്റെ മനസ്സിലെ ആഗ്രഹം പടച്ചോൻ കേട്ടത് . നോമ്പ് സൽക്കാരത്തിനു ക്ഷണിക്കാൻ വന്നഅയലോക്കത്തെ ഹാജിയാർ അവസാനം പറഞ്ഞ വാക്ക് കേട്ട് ഞാൻ ധ്രതങ്ക പുളകിതനായി . " കാക്കാന്റെ കൂടെ ഇജ്ജും ബെന്നോണ്ടി ".ഞമ്മക്ക് പെരുത്ത് സന്തോസം . അതോടെ ഞമ്മളെ കൽബിലെ മാണിക്കക്കൊട്ടാരത്തിന്റെ ഏറ്റവും മുകളിലെ നിലയിലായി ഹാജിയാരെ സ്ഥാനം .
അങ്ങനെ ആറ്റുനോറ്റ ആ ദിനം വന്നെത്തി . നേരത്തെ തന്നെ സെന്റും പൂശി ഹാജിയാരെ വീട്ടിലേക്ക് വിട്ടു . ആളുകൾ എത്തി തുടങ്ങുന്നേ ഉള്ളൂ . നേരെ പോയി ഒരു ടേബിളിൽ സ്ഥലം പിടിച്ചു പള്ളിയിൽ നിന്ന് "സുബ്ഹാനല്ല സ്റ്റാർട്ടാക്കുന്നതും " കാത്തിരുന്നു .
ബാങ്ക് കൊടുക്കാനായപ്പോഴേക്കും ടാബിളൊക്കെ കുഞ്ഞു സ്ക്രാപ്പുകളെ കൊണ്ട് നിറഞ്ഞിരിക്കുന്നു . വലിയവർക്ക് ഇരിക്കാൻ സ്ഥലമില്ല
" കുട്ടിയെളൊക്കെ നീച്ചി . ഇങ്ങക്ക് അടുത്തെനിരിക്ക. " ഹാജിയാരുടെ പ്രഖ്യാപനം വന്നതോടെ നമ്മളൊക്കെ ഔട്ട് . പ്രതീക്ഷിച്ചത് പോലെ പൊറാട്ടയുടെ ഒരു ചീന്ത് പോലും കശ്മലന്മാർ രണ്ടാമത്തെ ട്രിപ്പിന് ബാക്കി വച്ചില്ല . അവസാനം വീട്ടിൽ നിന്നും സ്ഥിരമായി കഴിക്കുന്ന പത്തിരിയും കറിയും കഴിച്ചു തിരിച്ചു പോരുമ്പോൾ ഞമ്മളെ കുഞ്ഞ് മനസ്സ് തേങ്ങി . " ന്നാലും ന്റെ ആജിയാരെ . ഞമ്മളോട് ഇത് മാണ്ടില്ല്യെയിനി " .
ആ സംഭവത്തോടെ ഹാജ്യാരെ പിടിച്ച് മാണിക്ക കൊട്ടാരത്തിന്റെ പടിക്ക് പൊറത്തിട്ടു !!!"