ഞാൻ അറിഞ്ഞെടത്തോളം ഇന്ത്യയിൽ തന്നെ ഒരേ ഒരു മെൻസ് എഞ്ചിനീയറിംഗ് കോളേജ് ആയിരുന്നു ഞങ്ങളുടേത് . പെണ് വർഗത്തിൽ പെട്ട പിടക്കോഴി മുതൽ പശു കുട്ടി വരേയ്യുള്ള ലലനാമണികൾ പട്ടാപകൽ ഒറ്റക്ക് നടക്കാൻ ഭയന്നിരുന്ന ആ ആണ്സാമ്രാജ്യം അടക്കി വാഴാൻ യോഗമുണ്ടായത് കാസർഗോഡ്കാരൻ ഡോക്റ്റർ ബുഖാരിക്കായിരുന്നു .
ഉപ്പിലിട്ട മാങ്ങയെക്കാൾ ചുളിഞ്ഞ മുഖമുള്ള അങ്ങേർ ആളൊരു പുലി ആയിരുന്നു . ഒന്നൊന്നര പുലി . വയസ് അറുപത് കഴിഞ്ഞെങ്കിലും കന്നന്തിരിവ് കാണിക്കുന്നോരെ ചവിട്ടിക്കൂട്ടി മൂലക്കിരുത്താൻ ആൾക്ക് പരസഹായം വേണ്ടിയിരുന്നില്ല . കോളജിലെ സ്ഥിരം കലാപരിപാടി ആയ ബാച്ച് ഫൈറ്റൊ വാൾപ്പയറ്റോ അരങ്ങേറി എന്നറിഞ്ഞാൽ മിനുട്ടുകൾക്കകം ശിങ്കിടികളേയും കൂട്ടി ആൾ സ്പോട്ടിലെത്തും . പിന്നെ കുപ്പായ കയ്യങ്ങു കയറ്റിയിട്ട് അങ്ങേരു കാണിക്കുന്ന പരാക്രമങ്ങൾ കണ്ടാൽ പെറ്റ തള്ള സഹിക്കൂല .
ജൂനിയേഴ്സിനെ റാഗ് ചെയ്യാൻ പോയിട്ട് നേരാംവണ്ണം മുഖത്ത് നോക്കാൻ പോലും ഇങ്ങേർ സമ്മതിക്കാതെ വന്നതോടെയാണ് സഹികെട്ട ഞമ്മളെ ഫോർത്ത് ഇയെർസ് ഒരു പുണ്ണ്യകർമം ചെയ്യാൻ തീരുമാനിച്ചത് . ഇങ്ങേരെ പുറത്താക്കാൻ മാനേജ്മെന്റിന് ഒരു ബെല്യ ഹരജി കൊടുക്കുക . ആരോപണങ്ങളുടെ കൂമ്പാരമായ ആ ഹരജിയിൽ മുഴുവൻ സ്റ്റുടെന്റ്സും ഒപ്പിടണം എന്ന് വല്ല്യേട്ടന്മാരുടെ ഉത്തരവ് വന്നതോടെ കളി മാറി !! .
ഒരു കെട്ട് പേപ്പറുമായി ഓരോ റൂമിലും കയറി ഇറങ്ങി അവർ അവസാനം ഞങ്ങളുടെ ഫ്ലൊറിലെത്തിയപ്പോഴാണ് കാര്യത്തിന്റെ ഗൌരവം നുമ്മളെ മൊട്ടത്തലയിൽ കയറുന്നത് ." അഥവാ മാനെജ്മെന്റ് ഇങ്ങേരെ ചവിട്ടി പുറത്താക്കിയില്ലെങ്കിലോ ? " . രണ്ട് മാസം കഴിഞ്ഞാൽ ഇപ്പറയുന്ന ടീംസ് കോഴ്സ് കഴിഞ്ഞു പോകും . പിന്നെ കുട്ടിയും കോലും കളിക്കാൻ മൂന്നു വർഷം നമ്മളും പുലിയും മാത്രം . ഓർത്തപ്പോൾ ഹാപ്പി ജാം കഴിച്ച കുട്ടിയെപ്പോലെ ആയി എന്റെ അവസ്ഥ.
ഹരജിയിൽ ഒപ്പിട്ടാൽ പുലി നമ്മളെ മാന്തിപ്പൊളിക്കും . ഒപ്പിട്ടില്ലെങ്കിൽ സീനിയേഴ്സ് കടിച്ച് കീറും . രഞ്ജിനി ഹരിധാസിന്റെയും റിമി ടോമിയുടെയും ഇടയിൽ പാടാൻ വിധിക്കപെട്ട കലാകാരന്റെ വേദന അന്നാണെനിക്ക് പിടി കിട്ടിയത് .അധികം ആലോചിക്കാൻ നിന്നില്ല . പേപ്പർപട നമ്മളെ റൂമിലെത്തുന്നതിന്നു മുൻപ് ധൈര്യമായി ബക്കെറ്റുമെടുത്ത് ബത്ത്രൂമിലെക്ക് സ്കൂട്ടായി. ഹല്ലാ പിന്നെ .
എനി വേ ബാക്ക് ടു ദി പോയിന്റ് . നമ്മൾ ഒപ്പിട്ടില്ലേലും സംഗതി നടക്കുമെന്ന് മനസ്സിലായി . പുലിയെ പിടിച്ച് പടിക്ക് പുറത്താക്കി മാനെജ്മെന്റ് കൈ കഴുകി (ഭാഗ്യം) . കാണാൻ വലിയ ലൂക്കൊന്നുമില്ലാത്ത പുതിയ ഒരു പ്രിൻസിപ്പാൾ വന്നു ചാർജെടുത്തു . പടക്കം പൊട്ടിക്കൽ , പായസം കൊടുക്കൽ, കെട്ടിപ്പിടിക്കൽ
, ആകെ മൊത്തം ജോറോട് ജോർ .
അപ്പോഴാണ് പുതിയ പ്രശ്നം . " പുതിയ പ്രിൻസി പോയ ഒടക്കിനെക്കാൾ വലിയ വെടക്കാണെങ്കിലോ
" ??
ഉടനെ വന്നു മറുപടി .." അതിനെന്താ . പേപ്പറും പേനയും ഇവിടെ തന്നെ ഉണ്ടല്ലോ. നമ്മൾ വീണ്ടുമൊരു ഹരജി കൊടുക്കും ( ഹമ്പടാ പുളുസൂ !
)"
അന്ന് എനിക്ക് ആനത്തലയോളം പോന്ന ഒരു വെളിപാടുണ്ടായി .
എത്ര വലിയ കൊമ്പത്തെ സുൽത്താനെയും വീഴ്ത്താൻ ഒരൊറ്റ തുണ്ട് വെള്ളപ്പേപ്പർ മതി .
No comments:
Post a Comment